Monday, April 15, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 12

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -12  -   സൂക്തം 77 മുതൽ  83 വരെയുള്ള  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(77)
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ


മനുഷ്യനെ നാം ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അവൻ കണ്ടറിഞ്ഞിട്ടില്ലേ? എന്നിട്ട് അവനതാ  ഒരു സ്പഷ്ടമായ എതിരാളിയായിരിക്കുന്നു

അള്ളാഹുവിൻ്റെ അപാരമായ കഴിവിൻ്റെ പല ഉദാഹരണങ്ങളും നേരത്തെ വിവരിച്ച ശേഷം മനുഷ്യനെ സംബന്ധിച്ച് തന്നെയുള്ള തെളിവ് വിവരിക്കുകയാണ് അള്ളാഹു. കേവലം ഇന്ദ്രിയത്തുള്ളിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് അള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നതും അതിനായി തർക്കം കൂടുന്നതും! അതായത് ഇന്ദ്രിയത്തുള്ളിയിൽ നിന്ന് മനുഷ്യനെ സ്രിഷ്ടിക്കാൻ കഴിയുന്ന അള്ളാഹുവിനു ദ്രവിച്ച എല്ലിൽ നിന്ന് അതിൻ്റെ പഴയ രൂപം പുനസ്ഥാപിക്കാൻ പ്രയാസമുണ്ടാകുമോ?  ഒരിക്കലും അതുണ്ടാകില്ലെന്ന് സാരം.


ഈ സൂക്തത്തിൻ്റെ അവതരണ പശ്ചാത്തലത്തെ സംബന്ധിച്ച് വിവിധ വ്യക്തികളുടെ ചോദ്യം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്. മക്കയിലെ പ്രമുഖരിൽ ഒരാളും നബി
തങ്ങളുടെ കഠിന  ശത്രുവുമായിരുന്ന ,ഉബയ്യുബിൻ ഖലഫ്, ദ്രവിച്ച ഒരു എല്ലിൻ കഷ്ണവുമായി നബി തങ്ങളുടെ അടുത്ത് എത്തുകയും അത് പൊടിച്ച് കാറ്റിൽ പരത്തിയ ശേഷം ഈ ദ്രവിച്ച എല്ലിനെ ഇനി ആര് ജീവിപ്പിക്കും എന്ന് ചോദിക്കുകയും ചെയ്തു നബി തങ്ങൾ പറഞ്ഞു അള്ളാഹു അതിനെ ജീവിപ്പിക്കുകയും പിന്നെ മരിപ്പിക്കുകയും ചെയ്യും ശേഷം തന്നെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും എന്ന്. അത് സംബന്ധമായി ഈ സൂക്തം അവതരിച്ചു
ഈ ചോദ്യം
ആസി ബിൻ വാഇൽ ആണ് ചോദിച്ചതെന്നും അബ്ദുള്ളാഹ് ബിൻ ഉബയ്യ് ആണ് ചോദിച്ചതെന്നും അഭിപ്രായമുണ്ട്


(78)
وَضَرَبَ لَنَا مَثَلًۭا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌۭ


അവൻ നമുക്കൊരു ഉപമ എടുത്തു കാട്ടുകയും തൻ്റെ സ്വന്തം സൃഷ്ടിപ്പിനെ മറന്നു കളയുകയും ചെയ്തിരിക്കുന്നു! അവൻ ചോദിക്കുകയും ചെയ്യുന്നു ഈ അസ്ഥികളെ അവ പഴകി ജീർണിച്ചതായിട്ടും ആരാണ് ജീവിപ്പിക്കുക?എന്ന്

നുരുമ്പിയ എല്ലിൻ കഷ്ണം വീണ്ടും  ജീവിപ്പിക്കുക സാദ്ധ്യമല്ലെന്ന് വാദിക്കുന്ന ഇദ്ദേഹം സ്വന്തം സൃഷ്ടിപ്പിൻ്റെ അവസ്ഥയൊന്ന് ആലോചിച്ചാൽ മതി പിന്നെ ഇത്തരം സന്ദേഹം ഉണ്ടാകില്ല എന്ന് സാരം


(79)
قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ


തങ്ങൾ പറയുക ഒന്നാമതായി അവയെ സൃഷ്ടിച്ചുണ്ടാക്കിയവൻ തന്നെ അവയെ (രണ്ടാമതും) ജീവിപ്പിക്കും അവൻ എല്ലാ സൃഷ്ടികളെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു


ദ്രവിച്ച എല്ലിൻ കഷ്ണത്തെ പുനർജനിപ്പിക്കുന്നതിൽ അപാകത കാണുന്നവനോട് വളരെ വ്യക്തമായ ഉത്തരം പറയാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത് ഇല്ലാത്ത അവസ്ഥയിൽ നിന്ന് ആദ്യമായി അവയെ ജനിപ്പിച്ച അള്ളാഹു തന്നെ ഉണ്ടായ ശേഷം മാറ്റത്തിനു വിധേയമായ അതിനെ വീണ്ടും സൃഷ്ടിക്കും. ആദ്യം പടക്കുന്ന അത്ര സങ്കീർണമല്ല പുനർജനിപ്പിക്കൽ എന്ന് എന്തേ ഇവർ ആലോചിക്കാതെ പോയത് !
മരിച്ച് മണ്ണിൽ ലയിച്ച അവശിഷ്ടങ്ങളോട് ഒരുമിച്ച് കൂടാൻ
അള്ളാഹു പറയുകയും അവ ഒരുമിച്ച് കൂടുകയും ചെയ്യും അള്ളാഹുവിനു ഇതൊന്നും അത്ര വലിയ കാര്യമല്ല


(80)
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ


അതായത് പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവൻ. എന്നിട്ട് നിങ്ങളതാ അതിൽ നിന്ന് തീ കത്തിക്കുന്നു

മനുഷ്യൻ ഉയർന്ന ചിന്തയുള്ളവനാവാനായി അള്ളാഹു പറയുന്ന ഉദാഹരണമാണിത് . വെള്ളം തട്ടിയാൽ സാധാരണ തീ അണഞ്ഞു പോകും എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് അള്ളാഹു തീയുല്പാദിപ്പിക്കുന്നു ചില മരച്ചുള്ളികൾ തമ്മിലുരസി തീയുണ്ടാക്കുന്ന സമ്പ്രദായം പണ്ട് ഹിജാസിൽ നടപ്പുണ്ടായിരുന്നു. മർഖ്, അഫാർ എന്നീ മരങ്ങളെ വ്യാഖ്യാതാക്കൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്  മുള, ഓട മുതലായവ തമ്മിലുരസി തീയുണ്ടാക്കുന്ന അവസ്ഥ വനവാസികളിൽ ഇപ്പോഴും ഉണ്ട്. ഇത്രയോക്കെ സംവിധാനങ്ങൾ ഉണ്ടാക്കിയ അള്ളാഹുവിനു പുനർജനിപ്പിക്കൽ പ്രയാസമുള്ള കാര്യമേ അല്ല എന്ന് സാരം.


(81)
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ


ആകാശ ഭൂമികളെ സൃഷ്ടിച്ച
അള്ളാഹു അവരെ പോലുള്ളതിനെ സൃഷ്ടിക്കാൻ കഴുവുള്ളവനല്ലേ? അതെ. കഴിവുള്ളവൻ തന്നെയാണ് അവൻ തന്നെയാണ് മഹാ സൃഷ്ടാവും സർവജ്ഞനും


പുനർജന്മത്തെ നിഷേധിക്കുന്നവർക്ക് മനസിലാക്കാനുതകുന്ന തെളിവുകൾ നേരത്തെ പറഞ്ഞു . ഒന്നു കൂടി വ്യക്തമാക്കുകയാണ് അള്ളാഹു! ആകാശങ്ങളും അതിലെ നക്ഷത്രക്കൂട്ടങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയും അതിലടങ്ങിയ മണ്ണും മണലും കാടും കടലും മറ്റ് പ്രതിഭാസങ്ങളും ആർക്കാണ് വിവരിച്ചു തീർക്കാനാവുക? ആകാശം ഒരു തൂണിൻ്റെയും സഹായമില്ലാതെ ഉയർന്ന് നിൽക്കുന്നു വിവിധ വിഷയങ്ങൾ അവിടെ നടക്കുന്നു അതെല്ലാം അള്ളാഹു സൃഷ്ടിച്ച് സംവിധാനിച്ചതാണ് ഒരു കമ്പനിയും അതിൻ്റെ നിർമാണത്തിന് അവകാശ വാദം ഉന്നയിച്ചിട്ടില്ല ആ സൃഷ്ടിയിലേക്ക് നോക്കുമ്പോൾ പ്രപഞ്ചത്തിലെ എത്ര ചെറിയ സൃഷ്ടിയാണ് മനുഷ്യൻ. ശൂന്യതയിൽ നിന്ന് ഇതൊക്കെ സംവിധാനിക്കാൻ കഴിവുള്ള അള്ളാഹുവിനു മണ്ണിൽ ലയിച്ച മനുഷ്യനെ പുനർജനിപ്പിക്കാനാവില്ല എന്ന് പറയുന്നത് എത്രമേൽ പരിഹാസ്യമല്ല!


ഓരോ കാര്യങ്ങളെയും ശരിയായി അറിയുന്ന
അള്ളാഹുവിൻ്റെ സൃഷ്ടി വൈഭവം ബുദ്ധിയുള്ളവർ സമ്മതിച്ചേ മതിയാവൂ.


(82)
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ


നിശ്ചയം അവൻ്റെ കാര്യം ഒരു വസ്തു ഉണ്ടാകണമെന്ന് അവൻ ഉദ്ദേശിച്ചാൽ അതിനെപ്പറ്റി ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ തത്സമയം അതുണ്ടാകുന്നു (സൃഷ്ടിപ്പിൽ ഇതാണ് അവൻ്റെ രീതി)


ഏത് കാര്യവും ഉണ്ടാവണമെന്ന് അള്ളാഹു ഉദ്ദേശിച്ചാൽ താമസം വിനാ അതുണ്ടാകുന്നു അത്രയും ശക്തനായ അള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നവൻ യാഥാർത്ഥ്യത്തിൽ നിന്ന് എത്ര അകലെയാണ്
ഉണ്ടാവുക എന്ന് പറയും എന്ന് പറഞ്ഞാൽ ആ വാക്ക് പറയും എന്നല്ല അള്ളാഹു അത് ഉദ്ദേശിക്കും.അപ്പോൾ അതുണ്ടാകും എന്നാണ്


(83)
فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ


അപ്പോൾ അഖില വസ്തുക്കളുടെയും രാജാധിപത്യം  ഏതൊരു
അള്ളാഹുവിൻ്റെ പക്കലാണോ അവൻ മഹാ പരിശുദ്ധനത്രെ.അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നതും


എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും നിയന്ത്രണാധികാരം നിലനിൽക്കുന്നതും അള്ളാഹുവിന് മാത്രമാണ് ആ  അള്ളാഹു പങ്കാളികളെ തൊട്ട് പരിശുദ്ധനത്രെ. അതിനാൽ മറ്റ് ദൈവങ്ങളെ സങ്കല്പിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു.കാരണം അവർ പറയുന്ന ദൈവങ്ങൾ അള്ളാഹുവിൻ്റെ അധികാരത്തിൻ്റെ കീഴിലുള്ളതാണ്. ആസ്ഥിതിക്ക് അവയെങ്ങനെ ദൈവമാകും അഥവാ അള്ളാഹുവിൻ്റെ പങ്കാളിയാകും?  അഥവാ അള്ളാഹു മാത്രമാണ് ആരാദ്ധ്യൻ എന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.
ഇനി പുനർജന്മം ഉണ്ടോ എന്നത് കൂടി മനസിലായാൽ മതി
നിങ്ങൾ എല്ലാവരും അവനിലേക്കാണ് മടക്കപ്പെടുന്നത്എന്ന വാക്യത്തിലൂടെ അതും സ്ഥിരീകരിച്ചു!കാരണം ആ പ്രയോഗത്തിൽ നിന്ന് മരണം ഒരു അവസാനമല്ലെന്നും പിന്നീടും പലതും നടക്കാനിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.


(ഈ അദ്ധ്യായം അവസാനിച്ചു )


എല്ലാ വസ്തുക്കൾക്കുംഹൃദയമുണ്ട് ഖുർആനിൻ്റെ ഹൃദയമാണ് യാസീൻ എന്ന അദ്ധ്യായം എന്ന നബി വചനത്തെ സംബന്ധിച്ച് ഇമാം ഗസ്സാലി رحمة الله عليهപറയുന്നു സത്യവിശ്വാസം ശരിപ്പെടണമെങ്കിൽ പുനർജന്മം സത്യമാണെന്ന് സമ്മതിക്കണം ഈ അദ്ധ്യായത്തിൽ അക്കാര്യം സവിസ്തരം വിവരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് അത് കൊണ്ടാണ് ഈ അദ്ധ്യായം ഖുർആനിൻ്റെ ഹൃദയമാണെന്ന് പറഞ്ഞത്. ഈ ന്യായം വളരെ നന്നായിട്ടുണ്ട് എന്ന് ഇമാം റാസി رحمة الله عليهപറയുന്നു!


ഈ അദ്ധ്യായത്തിൽ ഇസ്ലാമിൻ്റെ മൂന്ന് അടിസ്ഥാനങ്ങളും  ഏറ്റവും വ്യക്തമായ തെളിവോട് കൂടി സമർത്ഥിച്ചിട്ടുണ്ട് പ്രവചകത്വം (രിസാലത്ത്)
, അള്ളാഹുവിൻ്റെ എകത്വം (തൗഹീദ്)   പുനർജന്മം (ഹശ്ർ) എന്നിവയാണത് മൂന്നാം സൂക്തം മുതൽ രിസാലത്തും ഈ അവസാന സൂക്തത്തിൻ്റെ ആദ്യ ഭാഗം തൗഹീദും അവസാന ഭാഗം ഹശ്റും സമർത്ഥിക്കുന്നു ഈ മൂന്ന് അടിസ്ഥാനങ്ങളും അതിൻ്റെ തെളിവുകളുമാണീ അദ്ധ്യായത്തിൽ എന്ന് വരുമ്പോൾ ഇത് ഹൃദയമാണ് എന്ന പ്രശംസ സത്യം തന്നെ. മരണാസന്നൻ്റെ സമീപത്ത് ഖുർആൻ പാരായണം ചെയ്യണം എന്ന് നബി തങ്ങൾ പറഞ്ഞതിൻ്റെ പൊരുളും മറ്റൊന്നായിരിക്കില്ല (റാസി)


അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ പെടുത്തട്ടെ ആമീൻ
(തുടരും)


ഇൻശാ അള്ളാഹ്



ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

Monday, April 1, 2024

അദ്ധ്യായം 36 :  സൂറത്തു യാസീൻ سورة يس | ഭാഗം 11

 

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -11  -   സൂക്തം 66 മുതൽ  76 വരെയുള്ള  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(66)
وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ

നാമുദ്ദേശിക്കുന്ന പക്ഷം അവരുടെ കണ്ണൂകളെ നാം കുരുടാക്കുമായിരുന്നു അപ്പോൾ നടക്കാറുള്ള വഴിയിലേക്ക് അവർ മുന്നോട്ട് വരും.എന്നാൽ അവർ എങ്ങിനെയാണ് കാണുക?

അവിശ്വാസത്തിൻ്റെ പേരിൽ പരലോകത്ത് പരാചയപ്പെട്ട ജനതയെക്കുറിച്ച് നേരത്തേ പറഞ്ഞുവല്ലോ അകക്കണ്ണ് ഉപയോഗിക്കാത്തത് കൊണ്ടാണ് അവർ അങ്ങനെ അധ:പതിച്ചത് അവരോട് അള്ളാഹു പറയുന്നത് നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെ ബാഹ്യ കാഴ്ചയും നാം എടുത്തുകളയുകയും വഴികാണാതെ തപ്പിത്തടയുന്നവരാക്കുകയും ചെയ്യുമായിരുന്നു അങ്ങനെ ചെയ്യാതിരുന്നത് അവൻ്റെ കാരുണ്യം കൊണ്ടാണ് കാരണം ഈ ലോകത്ത് അള്ളാഹുവിനെ അനുസരിച്ചവർക്കും അല്ലാത്തവർക്കും അനുഗ്രഹം ചെയ്യുന്നവനാണ് അള്ളാഹു അവർക്ക് അർഹതപ്പെട്ട ശിക്ഷ പരലോകത്ത് അനുഭവിക്കേണ്ടി വരികയും ചെയ്യും

ഇവിടെ നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ സത്യത്തിൻ്റെ വഴി അവർക്ക് കാണിക്കാതെ അവരെ ഒഴിവാക്കുമായിരുന്നു എന്നും വ്യാഖ്യാനമുണ്ട് . അതായത് വിശേഷ ബുദ്ധിയുള്ള മനുഷ്യൻ്റെ മുമ്പിൽ ഇപ്പോൾ അള്ളാഹുവിൻ്റെ കഴിവും ഇസ്ലാമിൻ്റെ ആധികാരികതയും ഉൾക്കൊള്ളാൻ സാഹായകമായ ധരാളം കാര്യങ്ങൾ ഉണ്ട് അതെല്ലാം കൺ മുന്നിലുണ്ടായിട്ടും മനുഷ്യൻ അവിശ്വസിയാകുന്നത് അവൻ്റെ ചിന്തയുടെ കുറവ് തന്നെ എന്ന് സാരം.

 വേറൊരു വ്യാഖ്യാനം നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അസത്യത്തിൻ്റെ കണ്ണട മാറ്റി അവർക്ക് സത്യമാർഗം മാത്രം കാണിച്ച്  അവനെ നിർബന്ധിച്ച് സത്യത്തിലെത്തിക്കുമായിരുന്നു എന്നാണ്. എന്നാൽ നിർബന്ധിച്ച് സത്യത്തിലേക്കോ അസത്യത്തിലേക്കോ എത്തിക്കുന്ന രീതി ഇസ്ലാം സ്വീകരിക്കുന്നില്ല ശരിയും തെറ്റും വേർതിരിച്ച് വിവരിക്കുകയും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (ഇഖ്തിയാർ) നൽകുകയും നല്ലത് തിരഞ്ഞെടുത്താൽ പ്രതിഫലവും ചീത്ത തിരഞ്ഞെടുത്താൽ ശിക്ഷയും അനുഭവിക്കാം എന്ന വാഗ്ദാനവും അവൻ നൽകുകയാണ് ചെയ്തിരിക്കുന്നത്

കണ്ണിനെ കുരുടാക്കൽ പരലോകത്താണ് നടക്കുക എന്നും ഇവിടെ വ്യാഖ്യാനമുണ്ട് അതായത് പരലോകത്ത് എല്ലാവരും നരകത്തിൻ്റെ മുകളിൽ സ്ഥാപിച്ച സിറാഥ് പാലം കടക്കാൻ കല്പിക്കപ്പെടും പാലത്തിൽ കയറിയാൽ നിഷേധികളുടെ കണ്ണുകൾ കുരുടാക്കും എന്നിട്ടും പാലം കടക്കാൻ അവർ ശ്രമിക്കും  പക്ഷെ അവർക്ക് എങ്ങനെ കാണാനാണ്? കാഴ്ച അള്ളാഹു എടുത്ത് മാറ്റിയില്ലേ എന്ന വ്യാഖ്യാനമാണ് അബ്ദുള്ളാഹ് ബിൻ സലാം  رحمة الله عليهപറഞ്ഞത് (ഖുർതുബി)



(67)
وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّۭا وَلَا يَرْجِعُونَ

നാമുദ്ദേശിക്കുന്ന പക്ഷം അവർ നിലകൊള്ളുന്ന സ്ഥാനത്ത് വെച്ച് തന്നെ അവരെ നാം രൂപം മാറ്റുമായിരുന്നു അപ്പോൾ മുന്നോട്ട് പോവാനോ പിന്നോട്ട് തിരിച്ചു പോരുവാനോ അവർക്ക് കഴിയുന്നതല്ല

അള്ളാഹു ഉദ്ദേശിച്ചാൽ അവരുടെ രൂപം തന്നെ മാറ്റി അവരെ നിശ്ചലമാക്കാൻ അവനു കഴിയുമായിരുന്നു അങ്ങനെ ചെയ്താൽ പിന്നെ അവർക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാനോ പുറപ്പെട്ടിടത്തേക്ക് തിരിച്ച് വരാൻ പോലുമോ സാധിക്കുമായിരുന്നില്ല അതൊന്നും നാം ചെയ്യാത്തത് അവർക്ക് വീണ്ടും വീണ്ടും ചിന്തിക്കാനുള്ള സാവകാശം നൽകാനാണ്. മുൻ കാലത്ത് ശനിയാചരണം നടക്കുന്ന ദിനം മത്സ്യബന്ധനം നടത്തിയ തീരപ്രദേശത്തുകാരെ കുരങ്ങാക്കി കോലം മറിച്ച സംഭവം ഖുർആൻ രണ്ടാം അദ്ധ്യായം അൽബഖറ:അറുപത്തി അഞ്ചാം സൂക്തത്തിലും ഏഴാം അദ്ധ്യായം അൽ അഅ്റാഫ് നൂറ്റി അറുപത്തി അഞ്ചാം സൂക്തത്തിലും വിവരിച്ചത് സ്മരണീയമാണ്


(68)
وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ

നാം ആർക്കെങ്കിലും ദീർഘായുസ്സ് നൽകുന്ന പക്ഷം അവൻ്റെ പ്രകൃതിയിൽ നാം വിപരീതാവസ്ഥ വരുത്തുന്നു അപ്പോൾ അവർ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?

നേരത്തെ പറഞ്ഞ മാറ്റങ്ങൾ ഉണ്ടാക്കാൻ അള്ളാഹുവിനു പ്രയാസമില്ല എന്നതിന് അവർക്ക് പരിചയമുള്ള ഒരു അനുഭവം വിവരിച്ചിരിക്കുകയാണ് ഇവിടെ. ഒരു കുഞ്ഞ് ജനിക്കുന്ന നേരത്ത് അവൻ ഒന്നും അറിയാത്തവനാണ് പിന്നീട് ക്രമാനുഗതമായി അവൻ വളർന്നു വരുന്നു പ്രായാധിക്യത്തിലേക്ക് പോകുന്നതോടെ വീണ്ടും പഴയ കുട്ടിത്തത്തിൻ്റെ ചാപല്യം അവനെ പിടികൂടുന്നു കേൾവി, കാഴ്ച, ബുദ്ധി ശക്തി എല്ലാം കുറയുന്നു ഇത് നാഥൻ്റെ നിയന്ത്രണമാണെന്ന് അറിയുന്നവർക്ക് അവനെ കുരുടാക്കാനും കോലം മാറ്റാനും സാധിക്കുമെന്ന് ഉറപ്പിച്ച് പറയാനാവും എന്ന് തെളിവ് നിരത്തുകയാണിവിടെ. മാത്രമല്ല ഈ ലോകം മാറ്റത്തിനു വിധേയമാണെന്നും മാറാത്ത ലോകം പരലോകമാണെന്നും നാം അറിയണം ആ ലോകം സുഖകരമാക്കാൻ ആവശ്യമായ മുൻ കരുതൽ ഇവിടെ എടുക്കണം എന്ന് സാരം

നിന്ദ്യമായ വയസ്സിലേക്ക് മടക്കലിനെ തൊട്ട് നബി തങ്ങൾ കാവൽ തേടിയിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്


(69)
وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌۭ وَقُرْءَانٌۭ مُّبِينٌۭ

നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല അത് നബിയുടെ പ്രകൃതിക്ക് അനുയോജ്യവുമല്ല ഇത്  (നബിക്ക് ലഭിക്കുന്ന സന്ദേശം) ഒരു തത്വോപദേശവും സ്പഷ്ടമായ ഖുർആനുമാകുന്നു.

ഏതൊരു സാഹിത്യകാരനേയും അമ്പരപ്പിക്കും വിധം വിശുദ്ധ ഖുർആനിൻ്റെ പ്രതിപാദനം കണ്ട ശത്രുക്കൾ തങ്ങളെ ഒരു കവിയാണെന്ന് ആരോപിച്ച് പ്രവാചകത്വത്തെ നിരാകരിക്കാൻ ശ്രമം നടത്തുകയും ഖുർആൻ ഒരു ദൈവിക ഗ്രന്ഥമല്ല മറിച്ച് ഒരു കവിതാ സമാഹാരമാണ് എന്ന് ആരോപിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അവരുടെ ആരോപണത്തിൻ്റെ മുനയൊടിക്കുകയാണ് ഖുർആൻ. നബി തങ്ങൾക്ക് കവിത നാം പഠിപ്പിച്ചിട്ടില്ല അത് തങ്ങളുടെ മഹത്വത്തിനു ചേരുന്നതുമല്ല കാരണം കവികൾ പലപ്പോഴും ഭാവനാ ലോകത്തായിരിക്കും അവരുടെ വാക്കുകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമുണ്ടാവില്ല കാരണം അവർ യാഥാർത്ഥ്യത്തേക്കാൾ ഭാവനക്കും വിജ്ഞാനത്തേക്കാൾ വികാരത്തിനും ആശയത്തേക്കാൾ ഭാഷക്കുമാണ് പ്രാധാന്യം നൽകുക അതിവർണന കൊണ്ട് അനുവാചകരെ ഇളക്കി വിടുന്നവരാണവർ ഒരു സ്വപ്നലോകത്ത് സഞ്ചരിക്കുന്നവർ. ഖുർആനാകട്ടെ ഇത്തരം സ്വപ്നലോകമല്ല യാഥാർത്ഥ്യത്തിൻ്റെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിച്ച് സത്യം സ്ഥാപിക്കുകയും അതിനു വേണ്ട ഉൽബോധനം നൽകുകയും ചെയ്യുകയാണ്.

തങ്ങൾ കവിയല്ല എന്ന് പറഞ്ഞത് കൊണ്ട് കവിത ചൊല്ലിയിട്ടേയില്ല എന്ന് മനസിലാക്കേണ്ടതില്ല ചില സന്ദർഭങ്ങളിൽ ചൊല്ലിയിട്ടുണ്ട് .കവിത ആക്ഷേപാർഹമാകുന്നത് അതിലെ ഉള്ളടക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. നല്ല ആശയങ്ങൾ കവിതയിലൂടെ പ്രകാശിതമാകുന്നതിനു തടസ്സമില്ല നബി തങ്ങളുടെ മഹത്വം പ്രകീർത്തിച്ചും ശത്രുക്കളുടെ ദുരാരോപണങ്ങൾക്ക് മറുപടി പറഞ്ഞും കവിത ചൊല്ലാൻ മദീനാ പള്ളിയിൽ പ്രത്യേക പീഢം തന്നെ ഹസ്സാൻ ബിൻ സാബിത്ത് رضي الله عنهഎന്ന സഹാബിക്ക് ഒരുക്കി കൊടുത്തിരുന്നു എന്ന് ഇമാം ബുഖാരി رحمة الله عليهറിപ്പോർട്ട് ചെയ്യുന്നുണ്ട്

ഇരുപത്തി ആറാം അദ്ധ്യായം അശ്ശൂഅറാഅ് 224-226 സൂക്തങ്ങളിൽ കവികളെ ആക്ഷേപിച്ച് കൊണ്ട് സംസാരിച്ചപ്പോൾ കവികളായ ഹസ്സാൻ ബിൻ സാബിത്ത്رضي الله عنه, അബ്ദുള്ളാഹ് ബിൻ റവാഹ:رضي الله عنه, കഅ്ബ് ബിൻ മാലിക് رضي الله عنهഎന്നീ കവികൾ നബി തങ്ങളുടെ സമീപത്ത് കരഞ്ഞ് കൊണ്ട് വരികയും ഞങ്ങൾ കവികളാണല്ലോ നബിയേ! ഞങ്ങൾ മോശക്കാരായോ എന്ന് ചോദിക്കുകയും ചെയ്തു അപ്പോൾ തുടർന്നുള്ള സൂക്തം തങ്ങൾ ഓതി അള്ളാഹുവിനെ ധാരാളമായി ഓർക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾ ആ ഗണത്തിൽ പെട്ടവരല്ല, എന്ന്. അപ്പോൾ കവിതയുടെ സ്വഭാവം അനുസരിച്ചാണ് അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കേണ്ടത് നബി തങ്ങളുടെയും മറ്റു മഹാത്മാക്കളുടെയുമെല്ലാം മഹത്വം പ്രകാശിപ്പിക്കുന്ന മാലകളും മറ്റും വലിയ സേവനം നിർവഹിക്കുന്നവയാണ്. അവഗണിക്കേണ്ടവയല്ല


(70)
لِّيُنذِرَ مَن كَانَ حَيًّۭا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ

ജീവനുള്ളവനെ തങ്ങൾ താക്കീത് ചെയ്യുവാനും സത്യ നിഷേധികളുടെ മേൽ (നമ്മുടെ ശിക്ഷയുടെ) വാക്ക് സത്യമായി പുലരാനും വേണ്ടിയാണ് (ഇത് അവതരിപ്പിച്ചത്)

സത്യ വിശ്വാസം സ്വീകരിച്ചില്ലെങ്കിൽ അപകടമാണ് എന്ന് ഖുർ ആൻ എല്ലാവരെയും താക്കീത്   ചെയ്യുന്നു മനസ്സ് സജീവമായവർക്ക് മാത്രമേ അത് ഫലപ്രദമാകുന്നുള്ളൂ എങ്കിലും. അപ്പോൾ ഈ താക്കീത് അവഗണിച്ചവർക്ക് ശിക്ഷയുണ്ടെന്ന് പറഞ്ഞത് പുലരുകയും ചെയ്യും താക്കീത് നൽകാതെ ശിക്ഷിച്ചു എന്ന് ആക്ഷേപം പറയാനും വകുപ്പില്ല


(71)
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًۭا فَهُمْ لَهَا مَـٰلِكُونَ

നിശ്ചയമായും നാം സ്വന്തമായി പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്ന് കന്നുകാലികളെ അവർക്ക് വേണ്ടി നാം സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത് അവർ അറിയുന്നില്ലേ? അങ്ങനെ അവർ അവയുടെ ഉടമസ്ഥന്മാരായിത്തീരുന്നു

ഇവർക്ക് യാതൊരു പങ്കാളിത്തവുമില്ലാതെ അവരുടെ ജീവിതോന്നതിക്ക് സഹായകമായ സൗകര്യം അള്ളാഹുവാണ് ഭൂമിയിൽ സംവിധാനിച്ചത് ഞങ്ങൾ വിത്ത് വിതച്ചു, വെള്ളവും വളവും നൽകി അത് കൊണ്ട് കൃഷിയുണ്ടായി എന്ന് ചിലപ്പോൾ അവകാശവാദം ചിലർ ഉന്നയിച്ചേക്കാം എന്നാൽ അവർക്ക് യാതൊരു സ്വാധീനവും ഇല്ലാത്ത തെളിവ് പറഞ്ഞ് അവരുടെ ചിന്തയെ തട്ടിയുണർത്തുകയാണ് അള്ളാഹു. മൃഗങ്ങളെ സൃഷ്ടിച്ചതിൽ അവർക്ക് ഒരു സ്വാധീനവുമില്ല എന്നിട്ടും അവയെ അവർക്ക് യഥേഷ്ടം ഉപയോഗിക്കാൻ പറ്റും വിധം അള്ളാഹുവാണ് സൃഷ്ടിച്ചത് അവയുടെ ഉടമസ്ഥന്മാരാവാൻ പോലും അള്ളാഹു അവർക്ക് സ്വാതന്ത്ര്യം നൽകി അവയുടെ മാംസം ഭക്ഷിക്കാനും അവയുടെ തോൽ ഉപയോഗിച്ച് വീട്ടുപകരണങ്ങളും ടെൻ്റുകൾ നിർമിച്ച് യാത്രകളിൽ താമസമൊരുക്കാനും മറ്റ് പല നിർമാണം നടത്താനും അള്ളാഹു സൗകര്യമൊരുക്കി .ഇത് ചിന്തിച്ച് ഈ അനുഗ്രഹ ദാതാവിനെ വിശ്വസിക്കാൻ അവർക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല എന്നാണ് ചോദ്യം


(72)
وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ

അവയെ അവർക്ക് നാം വിധേയമാക്കിക്കൊടുത്തിരിക്കുകയാണ് അപ്പോൾ അവയിൽ ചിലത് അവരുടെ വാഹനമാണ് അവയിൽ നിന്ന് അവർ ഭക്ഷിക്കുകയും ചെയ്യുന്നു

അവർ ഉദ്ദേശിക്കുന്ന പോലെ അവയെ ചലിപ്പിക്കാൻ അവർക്ക് സാധിക്കുന്നു ഒരു നൂറ്ഒട്ടകങ്ങൾ വരിവരിയായി നീങ്ങുമ്പോൾ അവയെ ഒരു ചെറിയ കുട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നു അത് അള്ളാഹു അവർക്ക് അവയെ വിധേയമാക്കി കൊടുത്തത് കൊണ്ട് മാത്രമാണ്  വാഹനമാക്കി അവയെ ഉപയോഗിക്കാനും അതിൻ്റെ പുറത്ത് ധാരാളം ചിരക്കുകൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് അവർക്ക്  കൊണ്ട് പോകുവാനും സാധിക്കുന്നു .അള്ളാഹു അവയെ അവർക്ക് കീഴ്പെടുത്തിക്കൊടുത്തില്ലായിരുന്നുവെങ്കിൽ ഒരു ഒട്ടകം ചെറുതായൊന്ന് അക്രമിച്ചാൽ മനുഷ്യൻ്റെ  കഥ കഴിയും.ഇത് ചിന്തിക്കാൻ എന്തേ അവർക്ക് സാധിക്കാതെ പോയത്


(73)
وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ

അവയിൽ അവർക്ക് മറ്റ് ചില ഉപയോഗങ്ങളും കുടിക്കുവാനുള്ള വസ്തുക്കളുമുണ്ട് എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ

ചെരിപ്പ്, ബാഗ് തുടങ്ങി പലതും അവയുടെ തോലിൽ നിന്ന് അവർ ഉണ്ടാക്കുന്നു അതിൻ്റെ പാൽ കുടിക്കുന്നു ചില അസുഖത്തിൻ്റെ ചികിത്സയിൽ ഒട്ടകത്തിൻ്റെയൊക്കെ മൂത്രവും ഉപയോഗപ്രദമാകുന്നു. ഇതെല്ലാം ചെയ്ത് കൊടുത്ത അള്ളാഹുവിനു അവർ നന്ദി കാണിക്കുന്നില്ലേ ? അതായത് അവനെ മാത്രം ആരാധ്യനായി സ്വീകരിക്കാൻ അവർ ശ്രദ്ധിക്കാത്തതെന്ത്?

 

(74)
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةًۭ لَّعَلَّهُمْ يُنصَرُونَ

തങ്ങൾ സഹായിക്കപ്പെടുന്നവരാവാൻ വേണ്ടി അവർ അള്ളാഹുവിനു പുറമേ ചില ആരാദ്ധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു

അള്ളാഹു ചെയ്ത് കൊടുത്ത അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്ത് അവനെ മാത്രം ആരാധ്യനായി സ്വീകരിക്കാൻ കടമയുള്ള  ജനങ്ങൾ അതിനു തയാറാവാതെ സഹായം ലഭിക്കാനെന്ന നിലക്ക് അവർക്ക് ഒരു ഉപകാരവും ചെയ്യാത്ത വസ്തുക്കളെ ദൈവങ്ങളാക്കി വെക്കുകയാണ് ചെയ്യുന്നത്  


(75)
لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌۭ مُّحْضَرُونَ

അവരെ സഹായിക്കാൻ ആ ആരാദ്ധ്യന്മാർക്ക് കഴിയുന്നതല്ല ഇവരാകട്ടെ ആ ദൈവങ്ങൾക്ക് ഒരു സന്നദ്ധ സേനയുമാണ്

ആ ദൈവങ്ങൾ ഇവർക്ക് ഒരു സഹായവും ചെയ്ത് കൊടുക്കുകയില്ല അതിന് അവകൾക്ക് കഴിയില്ല ഇവരാകട്ടെ ആ ദൈവങ്ങൾക്ക് വേണ്ടി അവയുടെ സന്നദ്ധ ഭടന്മാരെന്ന രീതിയിൽ നിലക്കൊള്ളുകയും ചെയ്യുന്നു. അവകൾ ദൈവങ്ങളല്ലെന്നും നിങ്ങൾ തന്നെ കൊത്തിയുണ്ടാക്കിയ ശിൽപങ്ങളാണെന്നും ആരെങ്കിലും അവരെ ഉപദേശിച്ചാൽ ദൈവങ്ങൾക്ക് വേണ്ടി വാദിക്കാനും അവക്ക് നേരെ വരുന്ന എതിർപ്പുകളെ ചെറുക്കാനുമവർ  രംഗത്ത് വരുന്നു.
സന്നദ്ധ സേന എന്നതിനു പരലോകത്ത് വിചാരണ നാളിൽ ഇവരെ വിചാരണ ചെയ്യുന്ന നേരത്ത് ഈ ദൈവങ്ങളെ ഹാജറാക്കപ്പെടും നിർണായക സഹായം ലഭിക്കും എന്ന് അവർ പ്രതീക്ഷിക്കുന്ന നേരത്ത് ഈ ദൈവങ്ങൾ അവർക്ക് ഒരു സഹായവും ചെയ്ത് കൊടുക്കുന്നില്ല എന്ന് കാണുമ്പോൾ അവർക്ക് വല്ലാത്ത നിരാശ അനുഭവപ്പെടും.വാസ്തവത്തിൽ ഈ ദൈവങ്ങളെ അവർ സംവിധാനിച്ചത് തന്നെ
അള്ളാഹുവിൽ നിന്ന് അവർക്ക് ആവശ്യങ്ങൾ പിടിച്ചു വാങ്ങിക്കൊടുക്കാനും അള്ളാഹുവിലേക്ക് ഇവരെ അടുപ്പിക്കാനുമാണ് (അവർ ആരാധന ചെയ്തത് ഈ ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് എന്ന് അവർ തന്നെ പറഞ്ഞതായി ഖുർആൻ പലയിടത്തും വിവരിച്ചിട്ടുണ്ട് ഉദാഹരണമായി പത്താം അദ്ധ്യായം യൂനുസ്പതിനെട്ടാം സൂക്തം –ഈ ദൈവങ്ങൾ ഞങ്ങൾക്കു അള്ളാഹുവിങ്കൽ ശുപാർശക്കാരാണ് എന്ന് അവർ പറയുന്നു-/മുപ്പത്തിഒമ്പതാം അദ്ധ്യായം സുമർമൂന്നാം സൂക്തം-അള്ളാഹുവിലേക്ക് അവർ ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഈ ദൈവങ്ങളെ ആരാധിക്കുന്നത്-)


(76)
فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

അത് കൊണ്ട് (നബിയേ!) അവരുടെ വാക്ക് തങ്ങളെ ദു:ഖിപ്പിക്കാതിരിക്കട്ടെ നിശ്ചയം അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നുണ്ട്

യാതൊരു ഉപകാരവും ചെയ്യാത്തവയെ ദൈവമെന്ന് പറഞ്ഞ് ആദരിക്കുകയും യഥാർത്ഥ ആരാധ്യനായ അള്ളാഹുവിനെ അവഗണിക്കുകയും ചെയ്യുന്ന ഇവരുടെ നിലപാടിനെതിരെ സംസാരിക്കുമ്പോൾ ഈ സത്യം പറഞ്ഞ നബി തങ്ങളെ കവിയെന്നും, ഭ്രാന്തനെന്നും മറ്റും  കുത്തുവാക്കുകൾ പറഞ്ഞ് തങ്ങളെ അവർ ആക്ഷേപിച്ചപ്പോൾ നബി തങ്ങളെ അള്ളാഹു ആശ്വസിപ്പിക്കുകയാണ് അവർ എന്ത് പറഞ്ഞാലും അതെല്ലാം നമുക്കറിയാം അവരെ വിചാരണക്ക് നാം ഹാജറാക്കുകയും അർഹമായത് നാം അവർക്ക് നൽകുകയും ചെയ്യും .അത് കൊണ്ട് തങ്ങൾ വിഷമിക്കേണ്ടതില്ല എന്ന് അള്ളാഹു പറഞ്ഞു

 

 അള്ളാഹു നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(
തുടരും)
ഇൻശാ അള്ളാഹ്